ബ്ലോഗെഴുത്തുലോകം വാരം 001 രചന 03

വേദാരണ്യം (നോവൽ)

അദ്ധ്യായം 2: കുരുപ്പ്

രചന: സജി വട്ടംപറമ്പിൽ

sajivattamparambil@yahoo.com

 

വസൂരി പൊള്ളച്ച്, ഒരു രൂപം!

കൈപ്പിടിയോളം ഒതുങ്ങിച്ചുരുണ്ട്…മനുഷ്യരൂപം എന്നു പറയാം.

മുഖമുണ്ടോ?

എന്തോ. കാണാനില്ല.

പഴുത്തു വൃണം വാർന്ന്, ആസകലം അഴുകിക്കിടക്കുന്നു. വികൃതം.

ജീവനുണ്ടോ ആവോ!

ചത്തുപോയോ?

അതും അറിയില്ല…

ആണോ പെണ്ണോ?

നിശ്ചയം ല്യ.

ദേഹത്തങ്ങിങ്ങ് ആര്യവേപ്പിനില മൂടിയ ഒരു മനുഷ്യരൂപം സങ്കല്പിച്ചെടുക്കാം.

അത്രമാത്രം.

ചത്തുകാണും.

അതാവൂല്ലോ, കൊണ്ടുപോയി കളയാനേല്പിച്ചത്…മനസ്സിൽ നിരൂപിച്ചു.

ചാത്തപ്പൻ ഇതികർത്തവ്യതാമൂഢനായി നിന്നു.

മിന്നലെറിഞ്ഞ് മഴ കോരിച്ചൊരിയുന്നുണ്ടെങ്കിലും ഉടലാകെ ഉഷ്ണം പുകഞ്ഞു വിങ്ങി.

എവിടെ കൊണ്ടുപോയി കളയണം?

എങ്ങനെ കൊണ്ടുപോകും?

പെട്ടെന്നൊരുപായം തെളിഞ്ഞു വന്നില്ല.

പിന്നീടെന്തോ തീരുമാനിച്ചുറപ്പിച്ച പോലെ ചാത്തപ്പൻ താഴേയ്ക്കിറങ്ങിപ്പോയി.

നേരം നട്ടുച്ച മറിഞ്ഞെങ്കിലും അന്ധകാരം സമയനിർണയം തെറ്റിച്ചു.

മഴ വകവെച്ചില്ല. വഴുക്കലും വകവെച്ചില്ല. നടന്നു.

വാഴയുടെ ഉണങ്ങിയ കൈയണ മുറിച്ചെടുത്തു പിരിച്ച്, കാലിലൊരു തളപ്പ്.

തടിവട്ടം പിടിവള്ളിയിലൊതുക്കി ചാത്തപ്പൻ തെങ്ങിൽ കയറി.

മുഴുത്തൊരു പട്ട വെട്ടിയിട്ടു താഴെയിറങ്ങി.

തലപ്പും മടലും ആഞ്ഞു. നടു നേരേ കീറി.

അവിടെത്തന്നെയിട്ടു മെടഞ്ഞെടുത്തു.

നേരേ, തൊട്ടടുത്ത വാഴത്തോപ്പിൽ കയറി.

ഞാലിപ്പൂവന്റെ ഉണങ്ങിയ കൈയണ മഴയിൽ കുതിർന്നു നിന്നിരുന്നു.

അതു നീളത്തിൽ മുറിച്ചെടുത്തു നാരുണ്ടാക്കി.

മെടഞ്ഞെടുത്ത ഓലത്തകിടി വളച്ച്, അടുപ്പിച്ചു യോജിപ്പിച്ച്, വാഴനാരിലിണക്കി വല്ലം തയ്യാറാക്കി.

അതുമായി വീണ്ടും തട്ടുമ്പുറത്തെത്തുമ്പോൾ അവിടെയെങ്ങും ആരും ഉണ്ടായിരുന്നില്ല.

എടുത്തുകൊണ്ടുപോകുന്നത് കണ്ണിൽ കാണേണ്ടെന്നു കരുതിയാവാം.

തമ്പുരാൻ അതിനു മുൻപേ പൊയ്ക്കഴിഞ്ഞിരുന്നു.

ആരേയും കാണാതെ വന്നപ്പോൾ ചാത്തപ്പൻ കുറച്ചു നേരം മൗനം കാത്തു.

നേരം പോകുന്നതു മനസ്സിലാക്കി, എടുക്കാൻ തന്നെ തീരുമാനിച്ചു.

കിടക്കപ്പായോടെ ചുരുട്ടി.

ശവത്തിന് ഒരു കൈക്കുഞ്ഞിന്റെ ഭാരം മാത്രമേ തോന്നിയുള്ളൂ.

പതുക്കെ വല്ലത്തിൽ മടക്കി, ചെരിച്ചു കിടത്തി.

കട്ടിലിന്നടിയിലെ കിണ്ണം, കിണ്ടി, ലോട്ട, മൂത്രക്കോളാമ്പി, പഴന്തുണി, വേപ്പില ചമ്മലകൾ…

ഒക്കെ വാരി വല്ലത്തിൽ നിറച്ചു.

വാഴയണയിണക്കി, കുരുപ്പുപണ്ടാരം കൂട്ടിക്കെട്ടി.

പുറപ്പെടും മുൻപു കട്ടിൽ ചെരിച്ച് പടിഞ്ഞാറേച്ചുവരിനോടടുപ്പിച്ചു വെച്ചു.

ഇരുളും മൂകതയും തളം കെട്ടിയ മുറിക്കകത്തു വീണ്ടും വെറുതേ തിരഞ്ഞു.

ആരുമില്ല, ഒന്നുമില്ല!

വല്ലമെടുത്തു ചാത്തപ്പൻ ചുമലിലേറ്റി.

ഇടംകൈ താങ്ങി പടികൾ താഴോട്ട്…

പടിഞ്ഞാറു മുറ്റം.

വടക്കോട്ടിറങ്ങി നടന്നകലുമ്പോൾ…

ഇല്ലത്ത് അകത്തെങ്ങോ വ്യസനം പെയ്തൊഴുകുന്നുണ്ടായിരുന്നു.

(തുടരും: ‘കൈതമുള്ള്’)

‌__________________________________________________________

വേദാരണ്യം മുൻ അദ്ധ്യായങ്ങളുടെ ലിങ്കുകൾ

വേദാരണ്യം അദ്ധ്യായം 1 വൈലിത്തറ

__________________________________________________________

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

blogezhuththulokam@gmail.com

blogezhuththulokam@outlook.com

___________________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ

ബ്ലോഗെഴുത്തുലോകം ഒന്നാം പേജ്

നിബന്ധനകൾ, മുന്നറിയിപ്പുകൾ, അറിയിപ്പുകൾ

രചനകളുടെ സമ്പൂർണലിസ്റ്റ്

ബ്ലോഗെഴുത്തുലോകം വാരം ഒന്നിലെ രചനകൾ

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

 

___________________________________________________________________________

 

 

Advertisements
Posted in ബ്ലോഗെഴുത്തുലോകം, മലയാളം, Blogezhuththulokam, Malayalam | Tagged , , , , ,

ബ്ലോഗെഴുത്തുലോകം വാരം 001 രചന 02

‘സംസ്‌കൃതം’ (കഥ)

സജി വട്ടംപറമ്പിൽ

sajivattamparambil@yahoo.com

 

ഒരിടത്തൊരു നമ്പൂതിരി താമസിച്ചിരുന്നു.

അദ്ദേഹമൊരിയ്ക്കൽ അടുത്ത വീട്ടിൽ താമസിയ്ക്കുന്നയാളുമായി ശണ്ഠ കൂടി.

ശണ്ഠ മൂത്തപ്പോൾ അയാൾ നമ്പൂതിരിയെ ‘പട്ടീ’, ‘തെണ്ടീ’ എന്നൊക്കെ വിളിച്ചു.

അതിനു മറുപടിയായി നമ്പൂതിരി ‘ഏഭ്യൻ’, ‘ശുംഭൻ’, ‘വഷളൻ’ എന്നിങ്ങനെയും വിളിച്ചു.

അതു കേട്ടപ്പോൾ അയൽക്കാരൻ ‘മൂത്രം കുടിയൻ’, ‘@@@’, ‘###’, ‘***’ എന്നിങ്ങനെ പലതും ഉച്ചത്തിൽ വിളിച്ചു കൂവി.

അയാളുടെ ഭാഷ കേട്ടു നമ്പൂതിരി ചൊടിച്ചു: ‘പായസം കുടിയാ’, ‘പപ്പടം തീനീ’, ‘പഴം തീനീ’…

ഇവരുടെ വഴക്കുകൾ കേട്ടുകൊണ്ടുനിന്നവരിലൊരാൾ നമ്പൂതിരിയോടു ചോദിച്ചു:

“അല്ല തിരുമേനീ, അയാളിത്രയും മോശമായ വാക്കുകളുപയോഗിച്ചിട്ടും, ഇങ്ങനെയാണോ അയാളെ വിളിയ്ക്കേണ്ടത്?

അതുപോലെ തിരിച്ചു വിളിയ്ക്കാനും പറയാനുമൊന്നുമില്ലേ?”

ചോദിച്ചയാളോടു നമ്പൂതിരി സാവകാശം പറഞ്ഞു:

“മ്ലേച്ഛൻ! അയാൾ ഭക്ഷിയ്ക്കുന്നത് അയാൾ വിളിച്ചു പറയുന്നു.

ഞാൻ ഭക്ഷിയ്ക്കുന്നതു ഞാനും പറഞ്ഞു.

അതിലെന്താ തെറ്റുള്ളത്?”

‌___________________________________________________________

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

blogezhuththulokam@gmail.com

blogezhuththulokam@outlook.com

___________________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ

ബ്ലോഗെഴുത്തുലോകം ഒന്നാം പേജ്

നിബന്ധനകൾ, മുന്നറിയിപ്പുകൾ, അറിയിപ്പുകൾ

രചനകളുടെ സമ്പൂർണലിസ്റ്റ്

ബ്ലോഗെഴുത്തുലോകം വാരം ഒന്നിലെ രചനകൾ

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

 

___________________________________________________________________________

 

 

Posted in ബ്ലോഗെഴുത്തുലോകം, മലയാളം, Blogezhuththulokam, Malayalam | Tagged , , , , ,

ബ്ലോഗെഴുത്തുലോകം വാരം 001 രചന 01

വേദാരണ്യം (നോവൽ)

അദ്ധ്യായം 1: വൈലിത്തറ

രചന: സജി വട്ടംപറമ്പിൽ

sajivattamparambil@yahoo.com

 

നടുക്കണ്ടപ്പാടത്ത്, നട്ടുച്ച നേരത്ത്, ചാത്തപ്പൻ ഞവിരിക്കയ്യിലാടി.

ഇടവും വലവും ചെമ്പനും കാരിയും മുന്നിട്ടോടി.

ഇടതുകാൽ ഞവിരിപ്പലകയിലും, വലതുകാൽ ഞവിരിത്തണ്ടിൽ അല്പം കയറ്റിവെച്ചും ചാത്തപ്പൻ വിളിച്ചു കൂവി:

“ഉമ്പ ഉമ്പ…ഹെയ്! നടന്നോ, കാര്യേ വേഗം…നേരം നട്ടുച്ച്യായി…എവ്‌ട്ക്ക്യാ ഈ പോത്തുങ്ങള് രണ്ടും പെരണ്ട് കളിക്ക്യണ്…”

വലം കൈയിലെ മുടിയങ്കോൽ ചെമ്പന്റെ പുറത്തുകൂടി വളഞ്ഞു ചെന്നു താഴെ, അകിടിൽ പൊട്ടിത്തിറമ്പി. വളച്ചുചുരുട്ടിയ കാരിയുടെ വാൽ ഇടതുകൈപ്പിടിയിൽ പിരിഞെരിഞ്ഞു.

മാനത്തു കാറും കോളും ഉരുണ്ടുകൂടുന്നുണ്ട്. അതിനു മുമ്പേ പണികൾ തീർക്കണം, പോത്തുങ്ങളെക്കൊണ്ടു കര കടക്കണം. അതിനുള്ള ഈ തത്രപ്പാടു തിരിച്ചറിഞ്ഞിട്ടാവണം, കന്നുകൾ രണ്ടും വെച്ചുപിടിക്കുന്നുണ്ടെങ്കിലും, പൂട്ടി നികന്ന പാടത്ത്, നെഞ്ചോളം പൊക്കത്തിൽ തുറു പൊന്തിയിരിക്കുന്നു. പോത്തുങ്ങൾക്കു നീന്താനും ഓടാനും കാലു നീങ്ങുന്നില്ല.

പുല്ലാനിക്കുന്നോളം ചേറ് ഞവിരിപ്പലകയിൽ നിരങ്ങി. എന്നിട്ടും ചാത്തപ്പനു തൃപ്തി വന്നില്ല.

അറിവിലും അനുഭവത്തിലും ചില നിർണയങ്ങളൊക്കെയുണ്ട്. അതു പൂർത്തിയാക്കാതെ കന്നുകളെ നുകത്തിൽ നിന്ന് അഴിച്ചു വിടാറില്ല.

ചാത്തപ്പനെ പൂർത്തിയാക്കാൻ അനുവദിച്ചില്ല.

മഴ പൊട്ടിവീണു!

നിർണയങ്ങളെയെല്ലാം തെറ്റിച്ച്, അണ പൊട്ടും ‌പോലെ മഴവെള്ളം പൊട്ടിവീണു.

വെള്ളം, ശര പറ!

ചെപ്പുകുടം കണക്കെ തുള്ളികളെല്ലാം നെറുകയിൽ വീണു.

ഖിന്നതയോടെ പോത്തുങ്ങളെ കെട്ടഴിച്ചു വിടുമ്പോഴാണു നിലമിറങ്ങി വെള്ളിടി വെട്ടിയത്…

വെള്ളിപ്പിണരിനൊപ്പം ആരോ വിളിച്ചതായിത്തോന്നിയോ!

“ചാത്തപ്പാ…”

നിലമിറങ്ങിത്തെറിച്ച വെള്ളിപ്പിണരിൽ…ചാത്തപ്പൻ ഉള്ളു കാളി കണ്ടു…വരമ്പത്ത്, ഒരൊറ്റാൻ നൂലിൽ, തമ്പ്രാൻ!

ഉടുത്ത തോർത്തുമുണ്ടു വലിച്ചൂരി, കുറ്റസമ്മതമെന്നോണം താഴ്‌ന്ന്, കോണകവാലിലാടി, തല കുനിച്ച്, കൈപ്പടം ഓച്ഛാനിച്ചു തൊഴുതുനിന്നു.

ഭയപ്പെട്ടതു മാതിരി യാതൊന്നുമുണ്ടായില്ല!

പതിഞ്ഞ, ദീനസ്വരത്തിലായിരുന്നു തമ്പ്രാൻ വീണ്ടും വിളിച്ചത്. ചെവി കൊടുത്താൽ കേൾക്കാവുന്ന അകലത്തിൽ ചാത്തപ്പൻ മാറിനിന്നു.

“ഒന്നിങ്ങട് വര്വാ…”

എന്തെന്നറിയാതെ, എന്തിനെന്നറിയാതെ ചാത്തപ്പൻ മിഴിച്ചു!

ഇനിയെന്തെന്നറിയാതെ കണ്ണുകൾ മിഴിച്ച് കന്നുകൾ രണ്ടും മാനത്തു നോക്കി നിന്നു…

ഇല്ലത്ത്, വടക്കിനിമുറ്റത്തിന്നതിരിൽ, പടിഞ്ഞാറെ മൂലയിൽ ചാത്തപ്പൻ അറച്ചു നിന്നു.

ഓലക്കുട ഇറയത്തു ചാരിവെച്ച്, തിരിഞ്ഞു നിന്നു തമ്പ്രാൻ കൈമാടി വിളിച്ചു: “ഇങ്ങോട്ട് വര്വാ…”

അന്നേരം തമ്പ്രാന്റെ വാക്കുകൾക്കു വിറയൽ ബാധിച്ചിരുന്നുവോ…

നിന്നിടത്തു നിന്നു ചാത്തപ്പൻ പരുങ്ങി. ഇല്ലത്തേക്ക്!?

കൂടുതലെന്തെങ്കിലും ആലോചിക്കും മുമ്പേ തമ്പുരാൻ വീണ്ടു വിളിച്ചു: “ഒന്നിങ്ങോട്ട് കേറി വര്വാ.”

“തമ്പ്രാ…ഏൻ…”

“ആരെങ്കിലും വരണേന്റെ മുമ്പ് വര്വാ, ചാത്തപ്പാ.” തമ്പ്രാൻ കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു.

പടിഞ്ഞാറേ വാതിലിലൂടെ അകത്തുകടന്നു.

ഇടത്തുവശം കോണിപ്പടികൾ ഭയപ്പാടിൽ അറച്ചും ശങ്കിച്ചും മുകളിലേക്കു കയറുമ്പോൾ ചാത്തപ്പനു നെഞ്ചിടിപ്പ് അധികരിച്ചിരുന്നു.

മുകളിലെത്തിയ തമ്പുരാൻ അടുത്ത മുറിയിലേക്കു പ്രവേശിച്ചു.

വാതിൽക്കൽ അറച്ചുനിൽക്കെ, അകത്തേക്കു കടന്നുവരാൻ കൈ മാടി വിളിച്ചു വീണ്ടും ആവശ്യപ്പെട്ടു.

പിറകിൽ, കയറിവന്ന കോണിപ്പടികളിലേയ്ക്കു തിരിഞ്ഞുനോക്കി.

ഇടവും വലവും കണ്ണെറിഞ്ഞ്, ഹൃദയത്തുടിപ്പോടെ ചാത്തപ്പൻ അകത്തുകടന്നു.

അകത്തൊരു കട്ടിൽ. കട്ടിലിൽ, പഴന്തുണികളിലലിഞ്ഞൊരു മനുഷ്യരൂപം!

മനുഷ്യരൂപമെന്നു തോന്നാം. മേലെ തുണി മൂടിക്കിടക്കുന്നു…

രൂപത്തെ ചൂണ്ടി തിരുമേനി കരഞ്ഞു: “കൊണ്ടുപൊയ്ക്കോളൂ…എവ്‌ട്യെങ്കിലും കൊണ്ട്വോയിക്കളഞ്ഞോളൂ…”

കട്ടിലിന്റെ കാൽക്കൽ ചെന്ന്, കുനിഞ്ഞു നിന്നു സൂക്ഷ്മം നോക്കിയ ചാത്തപ്പൻ നിന്ന നിൽപ്പിൽ വിയർത്തുകുളിച്ചു!

അവിടന്നങ്ങോട്ട് എന്തെങ്കിലും പറയാൻ…

ചാത്തപ്പന്റെ നാവിറങ്ങിപ്പോയി…!

(തുടരും: ‘കുരുപ്പ്’)

___________________________________________________________

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചു തരിക:

blogezhuththulokam@gmail.com

blogezhuththulokam@outlook.com

___________________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ

ബ്ലോഗെഴുത്തുലോകം ഒന്നാം പേജ്

നിബന്ധനകൾ, മുന്നറിയിപ്പുകൾ, അറിയിപ്പുകൾ

രചനകളുടെ സമ്പൂർണലിസ്റ്റ്

ബ്ലോഗെഴുത്തുലോകം വാരം ഒന്നിലെ രചനകൾ

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

 

___________________________________________________________________________

 

Posted in ബ്ലോഗെഴുത്തുലോകം, മലയാളം, Blogezhuththulokam, Malayalam | Tagged , , , , , , , , ,

ബ്ലോഗെഴുത്തുലോകം വാരം 001

ബ്ലോഗെഴുത്തുലോകം വാരം ഒന്നിലെ രചനകൾ

(ക്രമനമ്പർ, പ്രസിദ്ധീകരിച്ച തീയതി, രചനയുടെ ശീർഷകം, ഇനം, രചയിതാവിന്റെ പേര്, ‘ബ്ലോഗെഴുത്തുലോകം’ രചനയ്ക്കു നൽകിയിരിയ്ക്കുന്ന ഗ്രേഡ് എന്നീ ക്രമത്തിൽ)

10 – സെപ്റ്റംബർ 2, 2016 – ഒരു നനുത്ത ഓണസ്മരണ – കവിത – സുമോദ് പരുമല – A

09 – ആഗസ്റ്റ് 29, ’16 – വേദാരണ്യം അദ്ധ്യായം 4: ജനനി – നോവൽ – സജി വട്ടംപറമ്പിൽ – C

08 – ആഗസ്റ്റ് 24, ’16 – പാമ്പ് – കഥ – സജി വട്ടംപറമ്പിൽ – B

007-ആഗസ്റ്റ് 23, ’16-മായികം-ലേഖനം-സജി വട്ടംപറമ്പിൽ-A

06 -ആഗസ്റ്റ് 21,’16 – വേദാരണ്യം അദ്ധ്യായം 3: കൈതമുള്ള് –നോവൽ-സജി വട്ടംപറമ്പിൽ-C

05 -ആഗസ്റ്റ് 16 , ’16 – എന്റെ ചെമ്പകത്തിനൊരു സ്മരണാഞ്ജലി –കഥ-സജി വട്ടംപറമ്പിൽ-B

04 -ആഗസ്റ്റ് 12, ’16 – സെൽഫി: തന്നെത്താൻ എടുക്കുന്ന ചിത്രം -കഥ-സജി വട്ടംപറമ്പിൽ-A

03 -ആഗസ്റ്റ് 12, ’16 – വേദാരണ്യം അദ്ധ്യായം 2: കുരുപ്പ് – നോവൽ -സജി വട്ടംപറമ്പിൽ-C

02 -ആഗസ്റ്റ് 11, ’16 – സംസ്‌കൃതം – കഥ – സജി വട്ടംപറമ്പിൽ – A

01 -ആഗസ്റ്റ് 8,’16 – വേദാരണ്യം അദ്ധ്യായം 1 വൈലിത്തറ -നോവൽ-സജി വട്ടംപറമ്പിൽ-C

രചനകളുടെ ഗ്രേഡുകളിൽ ഏറ്റവുമുയർന്നതു ‘സി’യാണ്. ആശയമഹിമ, ആശയവ്യക്തത, ഭാഷാസൗകുമാര്യം എന്നിവയാണു ഗ്രേഡിംഗിനായി വിലയിരുത്തപ്പെടുന്ന മുഖ്യഘടകങ്ങൾ.

വാരം ഒന്നിലെ സമ്മാനാർഹമായ രചന

താഴെ കൊടുത്തിരിയ്ക്കുന്ന രചനയെ വാരം ഒന്നിൽ പ്രസിദ്ധീകരിച്ച പത്തു രചനകളിൽ ഏറ്റവും നല്ലതായി ‘ബ്ലോഗെഴുത്തുലോകം’ തെരഞ്ഞെടുത്തിരിയ്ക്കുന്നു എന്നറിയിയ്ക്കാൻ സന്തോഷമുണ്ട്:

വേദാരണ്യം അദ്ധ്യായം 4: ജനനി (നോവൽ)

രചന: സജി വട്ടംപറമ്പിൽ

സമ്മാനത്തുകയായ നൂറു രൂപ സമ്മാനപ്രഖ്യാപനത്തെ തുടർന്നുള്ള ഏഴു ദിവസത്തിനകം, നെഫ്റ്റ്, മണിഓർഡർ എന്നിവയ്ക്കാവശ്യമുള്ള വിവരങ്ങൾ ലഭിച്ച ശേഷം, അവയിലേതെങ്കിലും വഴി അയയ്ക്കുന്നതാണ്.

___________________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ

ബ്ലോഗെഴുത്തുലോകം ഒന്നാം പേജ്

നിബന്ധനകൾ, മുന്നറിയിപ്പുകൾ, അറിയിപ്പുകൾ

രചനകളുടെ സമ്പൂർണലിസ്റ്റ്

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

 

___________________________________________________________________________

 

Posted in ബ്ലോഗെഴുത്തുലോകം, മലയാളം, Blogezhuththulokam, Malayalam | Tagged , , , , ,