ബ്ലോഗെഴുത്തുലോകം വാരം 001 രചന 09

വേദാരണ്യം അദ്ധ്യായം 4: ജനനി (നോവൽ)

രചന: സജി വട്ടംപറമ്പിൽ

ഈമെയിൽ ഐഡി:  sajivattamparambil@yahoo.com

 

കോരിച്ചൊരിയുന്ന മഴയുമായി വീടണയുമ്പോൾ നേരം പിന്നെയും ഒരുപാടു വൈകിയിരുന്നു.

ചെറ്റവാതിൽക്കീറു ശകലം തുറന്നുവച്ച്, അതിനടുത്തു തന്നെ അവ്വ കിള്ളിച്ചി കുന്തക്കാലിൽ, ഇരുട്ടിലേയ്ക്കു കണ്ണും നട്ട്, കാത്തിരിക്കുന്നുണ്ടായിരുന്നു. കുടിലിനുള്ളിൽ, അടുപ്പിലെ എരിഞ്ഞുതീർന്ന ഓലമടലിന്റെ ശിഷ്ടനാളം, കിള്ളിച്ചിയുടെ ഹൃദയം കണക്കെ അരിഷ്ടിച്ചു സ്പന്ദിക്കുന്നുണ്ടായിരുന്നു.

വല്ലം പതുക്കെ ഇറക്കിവെക്കുമ്പോൾ ഉള്ളിൽ ഓട്ടുപാത്രങ്ങൾ ഞെരങ്ങി. അതെന്തെന്നറിയാതെ പകച്ചുനിന്ന കിള്ളിച്ചി എഴുന്നേറ്റു നിന്നു ചോദിച്ചു:

“ദ് ന്തൂട്ടാത്, ചാത്തപ്പാ?”

ചാത്തപ്പനതു കേട്ടതായി ഭാവിച്ചില്ല. മൂലയ്ക്ക് ചുരുട്ടിക്കൂട്ടി കുത്തിച്ചാരിവച്ചിരുന്ന കീറപ്പായ എടുത്തിട്ടു വിരിച്ചു; വല്ലം കെട്ടു വേർപെടുത്താനിരുന്നു.

“നന്നോട് ഞാൻ ചോദിയ്ക്കണ കേക്ക്ണില്ലേ?” പരിഭ്രമം മൂത്ത് കിള്ളിച്ചി വീണ്ടും ചോദിച്ചു. “എന്തൂട്ടാ ഈ വല്ലത്തില് ന്ന്…?”

“ അവ്വ അവ്‌ടൊന്ന് മിണ്ടാണ്ട് രിയ്ക്കണ് ണ്ടാ…?”

“പെലച്ചയ്ക്ക് പോയതല്ലേ, നീയിവ്‌ട്ന്ന്?” കിള്ളിച്ചിയുടെ ഒച്ച കനത്തിരുന്നു. “എന്താണെങ്ങെ നനക്ക് ഇന്നോടൊന്ന് പർഞ്ഞൂടെ?”

എന്തു മറുപടി പറയണമെന്നു ചാത്തപ്പന് ഒരെത്തും പിടിയുമുണ്ടായിരുന്നില്ല. ആരെന്നാ പറയേണ്ടത്? എന്ത് ന്നാ പറയേണ്ടത്? ഉള്ളതു പറഞ്ഞാൽ അവ്വ പേടിയ്ക്കില്ലേ? അകത്തേയ്ക്ക് കയറ്റുകയുമില്ല.

പറയാണ്ടിരിയ്ക്കാനും പറ്റില്ലല്ലോ.

“അത് വയ്യാത്തൊരാളാണ് വ്വേ!” സ്വരം താഴ്‌ത്തി, അല്പം ഭയത്തോടെ തന്നെ പറഞ്ഞു.

ചാത്തപ്പനും അത്രയ്ക്കേ അറിയുന്നുള്ളൂ.

അതു കേട്ടപ്പോൾ കിള്ളിച്ചി സാവധാനത്തിൽ അടുത്തേയ്ക്കു ചെന്നു. “ആരാ?”

“ഇയ്ക്കറിയില്യ.” ചാത്തപ്പൻ വാസ്തവം വെളിപ്പെടുത്തി.

“നനക്കറിയാണ്ട് അന്റെ കൂടെ ങ്ങ് ട്ട് വയ്യാത്തൊരാള് പോര്യേ?” കിള്ളിച്ചി പൊട്ടിത്തെറിച്ചു. “നിയ്യ് ന്നോട് മായം കളിക്കണ്ട ട്ടാ, മോനേ!”

“തള്ള അവ്‌ട്യൊന്ന് മിണ്ടാണ്ടിരിയ്ക്ക്യോ…” തുടരെത്തുടരെയുള്ള ചോദ്യശരങ്ങൾ ചാത്തപ്പനെ ശുണ്ഠിപിടിപ്പിച്ചിരുന്നു.

കിള്ളിച്ചി പിന്നെ യാതൊന്നും ചോദിച്ചില്ല. അനിഷ്ടം അരിശമായി നിന്നു. എങ്കിലും, ആരാണ്, എന്താണ് എന്നറിയാനുള്ള ഉൽക്കണ്ഠയും ആകുലതയും കൂടിക്കൂടി വന്നു. ഇത്തിരി കൂടി വെട്ടമുണ്ടെങ്കിൽ തിരിച്ചറിഞ്ഞേക്കുമെന്നു തോന്നി. ചാത്തപ്പനു കുളിക്കാനായി അടുപ്പത്തു ചൂടാക്കിവെച്ചിരുന്ന വെള്ളം മൊളിയില കൂട്ടിപ്പിടിച്ചു മാറ്റിവെച്ചു. അട്ടത്തു കെട്ടിവെച്ച കോഞ്ഞായച്ചുരുട്ടു താഴെയിറക്കി. അതിൽ നിന്നൊരു പിടി അടുപ്പിൽ തിരുകിക്കയറ്റി, ഊതി തീ പിടിപ്പിച്ചു.

ചുവന്നു മുഷിഞ്ഞ വെളിച്ചത്തിൽ ഇപ്പോൾ ചാത്തപ്പനെ നന്നായിക്കാണാം. ചുരുണ്ട്, ഒടിഞ്ഞു കിടക്കുന്ന മനുഷ്യക്കോലത്തിന് അനക്കമില്ല. അതിന്റെ ദേഹത്ത് ഒട്ടിച്ചേർന്നിരിക്കുന്ന ഈറൻ തുണി വേർപെടുത്തിയെടുക്കാൻ നോക്കുകയാണു ചാത്തപ്പൻ.

ഉണങ്ങിയ മൊളിയിലയിൽ പൊതിഞ്ഞ മുറുക്കാൻപൊതി ചെറ്റമറപ്പാളിക്കിടയിൽ സൂക്ഷിച്ചുവെച്ചതു പുറത്തെടുത്തു. അതിൽ നിന്ന് ഒരുണക്കവെറ്റില ചുണ്ണാമ്പു തേച്ച്, ഒരു കഷണം അടക്കയും പുകയിലയിൽ നിന്നൊരു തുണ്ടും കൂടിപൊട്ടിച്ച്, ചുരുട്ടി അണയ്ക്കലേയ്ക്കു വെച്ചു. മുറുക്കാൻ ചവച്ചുപിടിച്ച്, പതുക്കെ വീണ്ടും അടുത്തേയ്ക്കു ചെന്നു. നോക്കിയ നോട്ടത്തിൽ കണ്ട കാഴ്‌ചയിൽ കിള്ളിച്ചി പിന്നാക്കം ഞെട്ടിമലച്ചു…“ന്റെ മുത്ത്യേ!”

അറപ്പ്, വെറുപ്പ്, ജുഗുപ്സ…മനം പെരണ്ടു കയറി. ഇനിയൊന്നു കൂടി നോക്കാനുള്ള കെല്പില്ലാതെ കിള്ളിച്ചി മുഖം കുടഞ്ഞു. മനുഷ്യന്റെ മുഖമെന്നു പറയാമോ, അത്!

അകാരണമായൊരു പേടി ഉള്ളിൽ കടന്നുകൂടി. സ്വാസ്ഥ്യം നഷ്ടപ്പെട്ട കിള്ളിച്ചി, അങ്ങേ ചെറ്റയിലും ഇങ്ങേ ചെറ്റയിലും ചെന്നു പരതുമ്പോൾ കൈകാലുകൾക്കു വിറയൽ ബാധിച്ചിരുന്നു.

“വെച്ചാൽ വെച്ചോടത്ത് ഒന്നും കാണില്യ!”

സപ്തനാഡികളും തളരുന്നതായി തോന്നിയപ്പോൾ കിടക്കപ്പായ തേടുകയായിരുന്നു. പക്ഷേ, കിട്ടിയില്ല. ഇനിയും നിൽക്കാനുള്ള ആവതില്ലാതെ, പരവശപ്പെട്ടു തറയിലിരുന്നു. ഇരിയ്ക്കാനായില്ല. അതിനു മുമ്പേ കിള്ളിച്ചി ഇരിയ്ക്കെ കുത്തനെ അമർന്നു. അങ്ങനെ തന്നെ മലർന്നു.

ചാത്തപ്പൻ മൂക്കും മോറും വരെ, കഷ്ടിച്ച്, തുണി നുള്ളിയെടുത്തു. ചുരുണ്ടുകൂടി കിടക്കുമ്പോൾ ഈറൻ തുണി മാറ്റാനും വയ്യ. ചലവും മഴവെള്ളവും കൂടി അത്രമേൽ ഒട്ടിപ്പിടിച്ചിരുന്നു.

തൽക്കാലം അങ്ങനെ കിടക്കട്ടേയെന്നു തീരുമാനിച്ചു. കരിയും ചാണകവും മെഴുകിയ നിലത്തു മഴവെള്ളവും ചലവും കൊഴുത്ത് ചളിക്കൂടി. അതിൽത്തന്നെ കിടത്താൻ മനസ്സനുവദിച്ചില്ല. എവിടെക്കിടത്തും, എങ്ങനെ കിടത്തും എന്നായി പിന്നത്തെ ചിന്ത. അതിനുള്ളതൊന്നും കുടിക്കുള്ളിലില്ല. പിന്നെന്തു ചെയ്യും?

അടുപ്പിൽ അണയാൻ വെമ്പുന്ന തീനാളത്തിലേയ്ക്കു തിരിഞ്ഞു നോക്കിയിരിയ്ക്കെ, ചാത്തപ്പനു കണ്ണു തെളിഞ്ഞു. ചെറ്റവാതിൽ മറ ചാരി പുറത്തിറങ്ങി. ഇറയത്തു നിന്നു മൂർച്ചയുള്ള വെട്ടുകത്തിയെടുത്തു. മഴയിലേയ്ക്കു വീണ്ടുമിറങ്ങി. ഇളമയുള്ള തെങ്ങു തെരഞ്ഞുപിടിച്ച്, കടയോടു ചേർത്തു നാലഞ്ചു പട്ട വെട്ടി. ബലമുള്ള മടലായിരുന്നു, ആവശ്യം. ഒരു കുല കരിക്കും കൂടെ വെട്ടി.

വെട്ടിയ പട്ടയുടെ വിരിവും ബലവുമുള്ള കടഭാഗം ഒരു മാറു നീളത്തിൽ ആഞ്ഞെടുത്തു. അവ കൊണ്ടുവന്ന് അടുപ്പിന്റെ മേൽ നിരത്തി. അതിനു മീതെ പച്ചോല വിരിച്ചു. തീ ഒരുവിധം അണഞ്ഞിട്ടുണ്ട്. പടിഞ്ഞാറേ ചെറ്റമറയോടു ചേർന്ന്, ചൂടിക്കയറിൽ, അയലിൽ തൂക്കിയ അവ്വയുടെ കിടക്കപ്പായിൽ നിന്ന് മെത്തയായി വിരിച്ചിട്ടുള്ള, മുഷിഞ്ഞ പഴന്തുണികളുള്ളതു വാരിവലിച്ചെടുത്തു. പരത്തിവെച്ച മടലിനും പച്ചോലയ്ക്കും മീതെ കീറത്തുണികൾ വിരിച്ചു.

പതിഞ്ഞു കിടന്ന് അടുപ്പിലേയ്ക്കു നോക്കി. തീ കത്തിപ്പടരില്ലെന്നു വീണ്ടും വീണ്ടും ഉറപ്പുവരുത്തി. എന്നിട്ട് കുരുപ്പുംകെട്ട് പതിയെ അതിന്മേൽ കിടത്തി…അടുപ്പുംകണ്ണി വിട്ടു ചാത്തപ്പൻ കീറപ്പായ് വിരിച്ചു. ഉറക്കം തെളിയുമ്പോഴെല്ലാം ഒന്നു തല പൊന്തിച്ചു നോക്കി.

നേരം നന്നായി വെളുത്തപ്പോഴാണു കിള്ളിച്ചി ഉറക്കമുണർന്നത്. തപ്പിത്തടഞ്ഞെഴുന്നേറ്റു വാതിൽ തുറന്നു. മഴ നിലച്ചിരുന്നില്ല. ആകാശം മൂടിക്കെട്ടിക്കിടന്നു. അകത്തേയ്ക്ക് അരിച്ചിറങ്ങിയ ഇരുണ്ട വെളിച്ചത്തിൽ അടുപ്പുംകണ്ണിയ്ക്കു മുന്നിൽ കിടന്നുറങ്ങുന്ന ചാത്തപ്പനെ കണ്ടു. അതിനപ്പുറത്ത്, അടുപ്പിനു മേൽ ചുരുണ്ടൊട്ടിക്കിടക്കുന്നു, പണ്ടാരക്കെട്ട്! കണ്ടതും അടിവയറ്റിൽ കുമ്മൻ ഇരച്ചു; ഉമ്മറത്തെറ്റിലിരുന്ന് കയ്പുവെള്ളം കുറേ ഛർദ്ദിച്ചുകളഞ്ഞു.

കിടന്നകിടപ്പിൽ അടുപ്പിലെ വെണ്ണീറിൽ നിന്ന് അരിച്ചെത്തിക്കൊണ്ടിരുന്ന ഇളംചൂടിൽ ഉഷ്ണമുണർന്ന് കുരിപ്പുംകെട്ടിന് ഒരിളക്കം തട്ടി. പേടിച്ചും അതേസമയം തെല്ലൊന്നു സംശയിച്ചുനിന്നും കിള്ളിച്ചി ചാത്തപ്പനെ തോണ്ടിവിളിച്ചു.

ഉറക്കമുണർന്ന ചാത്തപ്പൻ തലമറിഞ്ഞു നോക്കി. അരമുണ്ടു വാരിയുടുത്ത്, തട്ടിത്തടഞ്ഞെഴുന്നേറ്റു. കുരിപ്പുംകെട്ടെടുത്ത് കരിമ്പനോലത്തടുക്കിൽ മാറ്റിക്കിടത്തി. പഴുത്തഴുകിയൊലിച്ചിരുന്ന ചലവും വൃണവും അടുപ്പുംകല്ലിന്റെ മുകളിൽക്കിടന്നു വരണ്ടൊട്ടി. വാരിച്ചുറ്റിപ്പുതപ്പിച്ചിരുന്ന തുണികളെല്ലാം ഉണങ്ങി ബലം വെച്ചിരുന്നു.

ചാത്തപ്പൻ കരിക്കിൽ നിന്ന് ഒരെണ്ണം വെട്ടി മൺചട്ടിയിൽ പകർന്നു. ഉള്ളതിൽ വൃത്തിയുള്ളൊരു തുണി, ഉടുതുണിയിൽ നിന്നൊരു തെറ്റ് കീറി, തിരി തെറുത്തു. കരിക്കുംവെള്ളം തുള്ളി ചിറിയിലൊറ്റി.

ഒലിച്ചിറങ്ങിയ ജീവാമൃതം ചെറുനാമ്പിൽ തത്തി!

ഒരു നിമിഷം.

ഉവ്വ്!

നിമിഷനേരത്തിൽ ചാത്തപ്പനിൽ തെളിവുണർന്നു. തടുക്കിൽ നിന്നും വാരി, ചേർത്തുപിടിച്ച്, തലയുയർത്തി കൊടുത്തു. വലം കൈകൊണ്ടു കരിക്കിൻവെള്ളം മുഴുവൻ ചിറി നനച്ചുകൊടുത്തു…

പിന്നെയൊട്ടും അമാന്തിച്ചില്ല. ചാത്തപ്പൻ പുറത്തിറങ്ങി. കവുങ്ങിന്റെ പാളത്തൊപ്പി ഇറയത്തു ഞാത്തിയിരുന്നു; അതിലൊന്നെടുത്തു തലയിൽ ചൂടി. ഇരിങ്ങാപുറം; പുവ്വത്തെ പറങ്ങോടമ്മാന്റെ പുറം‌പറമ്പിലേയ്ക്കായിരുന്നു ലക്ഷ്യം.

അതിർത്തിയോടു ചേർന്നൊരു ആര്യവേപ്പു മൊതച്ച്, പന്തലിച്ചു നിൽക്കുന്നതു കണ്ടിട്ടുണ്ട്. ചുറ്റുവട്ടത്തൊന്നും ആരുമില്ലെന്നുറപ്പിച്ച്, വഴുക്കൽ ശ്രദ്ധിച്ച്, പിടിച്ചുകയറി. തെറ്റില്ലാത്തൊരു കവരം നോക്കി വെട്ടി, തൂപ്പ് ഇറക്കി. ആഞ്ഞ് ചെറുതാക്കി കൊണ്ടുവന്നു. നനവു വാർന്നു കിട്ടാൻ അട്ടത്ത് കെട്ടിത്തൂക്കി.

തെല്ലൊന്നു കഴിഞ്ഞ്, നനവൊഴിഞ്ഞതിൽ നിന്നു കുറച്ചെടുത്ത് അടുപ്പുംകണ്ണിയിലിട്ടു പുകച്ചു. ചിന്നിയ പഴയ മൺചട്ടി ചെറ്റമറയ്ക്കു പിറകിൽ കമഴ്‌ത്തി വെച്ചിരുന്നു. അതിലൊന്നിൽ കനൽ കോരിയിട്ടു. അതിനുമീതെ നനവില്ലാത്ത അല്പം തൂപ്പെടുത്തു നിറച്ച് പുകച്ചു. അകം പുകയിൽ മുങ്ങി.

ഇവനെന്താ ദ് കാണിയ്ക്ക് ണ്? കിള്ളിച്ചി അന്ധാളിച്ചു മുകളിലേയ്ക്കു നോക്കി.

നാഴിക വിനാഴിക ചെല്ലുന്തോറും കിള്ളിച്ചിയുടെ ഉള്ളും പുകയെടുത്തുകൊണ്ടിരുന്നു. പട്ടാപ്പകലും സ്ഥായിയായ അകത്തെ ഇരുട്ടിനുള്ളിലൊരു മിന്നാമിന്ന് മിന്നിത്തെളിഞ്ഞു! സൂക്ഷിച്ചു നോക്കുന്തോറും അതിന്റെ മിനുപ്പിനു തിളക്കമേറി വന്നു…പുകച്ചുരുൾ പോലൊരു ദീപ്തി അതിൽ നിന്നെഴുന്നുയരുന്നതായി കിള്ളിച്ചിത്തള്ളയ്ക്കു തോന്നി…

സംഭ്രമം ആരോടെങ്കിലുമൊന്നു പറയാമെന്നു വെച്ചാൽ ആവുന്നില്ല. കരച്ചിലെല്ലാം ചങ്കിൽ കെട്ടി. കര കവിഞ്ഞ്, കണ്ണീരൊഴുകി.

വെച്ചുണ്ടാക്കിയ ചാമക്കഞ്ഞി. വെള്ളം ഇറങ്ങുന്നില്ല. തൊട്ടുകൂട്ടാൻ ഉപ്പും പച്ചമുളകും വെച്ചുകൊടുത്തത് അങ്ങനെ നോക്കിയിരുന്നു.

പട്ടുചേമ്പിൻ വിത്തു ചുട്ടുകൊടുത്തു. അനങ്ങിയില്ല; അതവിടെത്തന്നെ ഇരുന്നു. കാര്യമറിയാതെ ചാത്തപ്പനും ധർമ്മസങ്കടത്തിലായി! നെറ്റിയിലും നെഞ്ചിലും തൊട്ടുനോക്കി. ദീനമുള്ളതായി തോന്നിയില്ല. അഥവാ ‘വല്ലതും’ പിടിപെട്ടിട്ടുണ്ടെങ്കിൽത്തന്നെ, ചൊവ്വയും വെള്ളിയും കഴിഞ്ഞാലറിയാം.

അല്ല, ദീനം വന്ന് രുചി പറ്റാഞ്ഞിട്ടാവ്വ്വോ?

അങ്ങനെയാണെങ്കിൽ പനിച്ച ഞണ്ടിനെ ചുട്ടു ചമ്മന്തിയരച്ചു കൊടുത്തുനോക്കാം. പെരുമഴയത്തു പാടത്തിറങ്ങി. കണ്ട പൊത്തിലെല്ലാം കൈയിട്ടു നോക്കി. പനിച്ച ഞണ്ടിനെ പിടിച്ചുകൊണ്ടുവന്നു ചുട്ടു. കരിക്കിന്റെ കാമ്പും പച്ചമുളകും ചേർത്ത്, കുത്തിച്ചതച്ചു ചമ്മന്തിയുണ്ടാക്കി.

ഇതൊന്നുമില്ലെങ്കിലും ചുട്ട ഞണ്ടിന്റെ ചൂരു കേട്ടാൽ മതി. ഏതുറക്കത്തിൽ നിന്നായാലും അവ്വ എഴുന്നേറ്റു വരും. എന്നിട്ടും കിള്ളിച്ചി നോക്കിയിരുന്നതേയുള്ളൂ! അറിയാവുന്ന വൈദ്യം, ചുക്കും കുരുമുളകും പേരത്തോലും തുളസിയിലയും കൊണ്ടുവന്നു കഷായം വെച്ചു. ഇളംചൂടിൽ ചുണ്ടോടടുപ്പിച്ചു കൊടുത്തു.

തള്ളയ്ക്ക് വെള്ളമിറങ്ങിയില്ല.

“അങ്ങ്‌ള് ക്ക് എന്താണെങ്ങെ ഒന്ന്‌ങ്ങ്‌ ട്ട് പറയ് ന്റവ്വേ…” ചാത്തപ്പനിലെ മാതൃസ്നേഹം ഇടനെഞ്ചിൽ തിങ്ങി.

കണ്ണുനീരിൽ മിഴിച്ചു വിങ്ങിത്തേങ്ങിയ കിള്ളിച്ചി, കുരുപ്പുംകെട്ടിനു നേരേ ദയനീയമായി വിരൽ ചൂണ്ടി തലയിളക്കി. പന്തികേടു മണത്തറിഞ്ഞ ചാത്തപ്പൻ ഉള്ളറിഞ്ഞു കെഞ്ചി:

“നങ്ങളെന്നെ കൊലയ്ക്ക് കൊട്‌ക്കല്ല വ്വേ…!”

മകന്റെ വാക്കും അവസ്ഥയും കൂടി കണ്ട് കിള്ളിച്ചിയ്ക്കു തളർച്ചയേറി. ചാത്തപ്പൻ അവ്വയെ പായ വിരിച്ച് കൊണ്ടുപോയി കിടത്തി. പക്ഷേ സ്വൈരം നഷ്ടപ്പെട്ട കിള്ളിച്ചിത്തള്ളയ്ക്കു കിടക്കാനായില്ല. എന്തുകൊണ്ടെന്നാൽ, കുരിപ്പിനു കുറേശ്ശെ തൊണ്ട കീറിത്തുടങ്ങിയിരുന്നു…

രാവുകൾ പകലുകൾ കീഴ്‌മേൽ മറിഞ്ഞപ്പോൾ, അതൊരു സ്ത്രീശബ്ദമാണെന്നു തിരിച്ചറിഞ്ഞപ്പോൾ കുടിലിനു തീപിടിക്കുന്നതായി കിള്ളിച്ചി തിരിച്ചറിഞ്ഞു.

ഉടൽ വെന്ത്…ഉയിർ വെന്ത്…മസ്തിഷ്കം അപ്പാടെ പുകഞ്ഞുവെന്ത്…

പ്രാണരക്ഷാർത്ഥം കിള്ളിച്ചി പുറത്തേയ്ക്കോടി രക്ഷപ്പെട്ടു!

ഭ്രാന്തുപിടിച്ച കിള്ളിച്ചിത്തള്ള നാടാകെ നടന്നു പിറുപിറുത്തു:

“വീടിനകത്തൊരു പെണ്ണ് ണ്ട്! അവന്റെ കൂടെ കെടപ്പ് ണ്ട്!!!”

(തുടരും)

___________________________________________________________

വരികൾ: വേദാരണ്യം, സജി വട്ടം പറമ്പിൽ

__________________________________________________________‌_

വേദാരണ്യം മുൻ അദ്ധ്യായങ്ങളുടെ ലിങ്കുകൾ

വേദാരണ്യം അദ്ധ്യായം 1 വൈലിത്തറ

വേദാരണ്യം അദ്ധ്യായം 2: കുരുപ്പ്

വേദാരണ്യം അദ്ധ്യായം 3: കൈതമുള്ള്

__________________________________________________________‌_

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

blogezhuththulokam@gmail.com

blogezhuththulokam@outlook.com

___________________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ

ബ്ലോഗെഴുത്തുലോകം ഒന്നാം പേജ്

നിബന്ധനകൾ, മുന്നറിയിപ്പുകൾ, അറിയിപ്പുകൾ

രചനകളുടെ സമ്പൂർണലിസ്റ്റ്

ബ്ലോഗെഴുത്തുലോകം വാരം ഒന്നിലെ രചനകൾ

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

 

___________________________________________________________________________

 

 

About ബ്ലോഗെഴുത്തുലോകം

മലയാളം ബ്ലോഗെഴുത്തുകാർക്കു ‘ബ്ലോഗെഴുത്തുലോക’ത്തിലേയ്ക്കു ഹാർദ്ദമായ സ്വാഗതം.
This entry was posted in ബ്ലോഗെഴുത്തുലോകം, മലയാളം, Blogezhuththulokam, Malayalam and tagged , , , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s