ബ്ലോഗെഴുത്തുലോകം വാരം 001 രചന 08

പാമ്പ് (കഥ)

രചന: സജി വട്ടംപറമ്പിൽ

ഈമെയിൽ ഐഡി:  sajivattamparambil@yahoo.com

 

ഒരു പാമ്പ് തറയിലൂടെ വളഞ്ഞും പുളഞ്ഞും നീണ്ടും ചുരുണ്ടും ഇഴയുകയായിരുന്നു. അതു കണ്ട് ഒരു കുട്ടിക്കുരങ്ങനു കൗതുകം തോന്നി. ചാടിയിറങ്ങി, പതുങ്ങിച്ചെന്ന്, ഒരൊറ്റപ്പിടിത്തം!

കുരങ്ങൻ പിടിച്ചതും, പാമ്പ് അതിന്റെ വാലുകൊണ്ടു കുരങ്ങന്റെ കൈയിൽ ചുറ്റി. പിടി വിടുവിയ്ക്കാനായി പാമ്പു കുരങ്ങന്റെ അസ്ഥികൾ ഞെരുങ്ങും വിധം വരിഞ്ഞു മുറുക്കി; വിഷപ്പല്ലുകൾ കാണിച്ചു ചീറ്റി ഭയപ്പെടുത്തി.

കുരങ്ങൻ ഭയപ്പെട്ടു.

നിമിഷനേരത്തിനുള്ളിൽ കുരങ്ങന്മാരെല്ലാവരും അവിടെ എത്തിച്ചേർന്നു.

ചുറ്റും കൂട്ടംകൂടി നിൽക്കാനല്ലാതെ, ആർക്കും അടുത്തേയ്ക്കു വരാനുള്ള ധൈര്യമുണ്ടായില്ല.

“അയ്യോ! ഇതു അതിഭയങ്കര വിഷമുള്ള സർപ്പമാണല്ലോ!”

“കൊത്തിയാലുടൻ മരണമാണ്!!”

“പിടി വിട്ടാൽ ഇവന്റെ കാര്യം കഴിഞ്ഞു!”

“പിന്നെ നമ്മുടെ കാര്യവും പറയുവാനില്ല.”

“രക്ഷപ്പെടുത്തുന്നതു പോയിട്ട്, അടുത്തേയ്ക്കു ചെല്ലുന്നവർ പോലും കുടുങ്ങും.”

ഓരോരുത്തരും പറയുന്നതു കേട്ട കുരങ്ങൻ കണ്ണീരിലായി.

മാത്രമല്ല, സ്വന്തം ബന്ധമെന്നു കരുതിയിരുന്നവരെല്ലാം തന്നെ കൈവിട്ടു പിൻവാങ്ങുന്ന അവസ്ഥയിൽ ഹൃദയവേദന താങ്ങാവുന്നതായില്ല…

പിടിത്തം അല്പമയഞ്ഞാൽ കുതറി കൊത്താൻ തയ്യാറായി വാ തുറന്നു നിൽക്കുന്ന സർപ്പത്തിന്റെ ഭീകരരൂപം…

മരണഭീതി അധികമായി വന്നു.

എല്ലാ അവസ്ഥകളും ചേർന്നപ്പോൾ കൂടുതൽ തളർന്നുപോയി.

“അയ്യോ! ബുദ്ധിയില്ലായ്മ കൊണ്ടു ഞാൻ ഇത്ര വലിയൊരു വിപത്തിൽ അകപ്പെട്ടല്ലോ…എന്നെ രക്ഷിയ്ക്കാൻ ആരുമില്ലല്ലോ…” കുരങ്ങൻ പരിതാപകരമായി നിലവിളിച്ചു.

സമയം പൊയ്ക്കൊണ്ടിരുന്നു. ചുറ്റിനും കൂടിയിരുന്നവർ ഓരോരുത്തരായി പിൻവാങ്ങി.

ജലപാനമില്ലാതെ, നേരാനേരം ആഹാരമില്ലാതെ ശരീരം വാടി, ശോഷിച്ചു…

കണ്ണുകളിൽ ഇരുളും മയക്കവും വന്നു.

തളരുന്തോറും ഉണർന്നിരിയ്ക്കാൻ ബോധമനസ്സിൽ യജ്ഞിച്ചുകൊണ്ടിരുന്നു…

പിടിത്തം അയഞ്ഞാൽ കഥ തീരുമെന്ന തിരിച്ചറിവു തളർച്ചയും ഉറക്കവും തടുത്തുനിർത്തി.

കരഞ്ഞുകരഞ്ഞ് ഒച്ചയും നേർത്തുനേർത്ത് ഒതുങ്ങിക്കൊണ്ടിരുന്നു…

ഈ സമയം, ജ്ഞാനിയായ ഒരാൾ യാദൃച്ഛികമായി അതുവഴി വരാനിടയായി.

അകലെ നിന്ന് ഒരു മനുഷ്യൻ വരുന്നതു കണ്ടിട്ടും യാതൊരു ഭാവമാറ്റവുമില്ലാതിരിയ്ക്കുന്ന കുരങ്ങനെക്കണ്ട് അദ്ദേഹം സംശയിച്ചു.

അടുത്തേയ്ക്കു നടന്നടുക്കുന്തോറും കാര്യകാരണങ്ങൾ ഒരുവിധം വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു.

അനുതാപപൂർവം തന്റെ അരികിലേയ്ക്കു നടന്നു വരുന്ന മനുഷ്യനെ നോക്കി കുരങ്ങൻ ഒരു കൈ തലയ്ക്കു കൊടുത്ത്, ശബ്ദമില്ലാതെ, തൊണ്ടകീറി കേണു. നടന്നതെല്ലാം ശ്വാസം വിടുന്ന സ്വരത്തിൽ വിവരിച്ചു.

എല്ലാം കേട്ടുകൊണ്ട്, വളരെ സൗമ്യനായി അദ്ദേഹം കുരങ്ങനോടു ചോദിച്ചു: “എത്ര നേരം നീ ഇതിനെ മുറുകെപ്പിടിച്ചു കഷ്ടപ്പെട്ടിരിയ്ക്കും? വീശി എറിയൂ, ദൂരേയ്ക്ക്.”

“അയ്യോ! അങ്ങൊരു മനുഷ്യനല്ലേ? അതെന്നെ കൊത്തിക്കൊല്ലുമെന്ന് അറിയില്ലേ? എന്റെ വർഗത്തെപ്പോലെ നിങ്ങളും എന്നെ കൊലയ്ക്കു കൊടുക്കുകയാണോ? എനിയ്ക്കെന്തെങ്കിലും സംഭവിച്ചാൽ ഈ ലോകത്ത് ആർക്കും യാതൊന്നുമില്ലല്ലോ…” ആവുന്ന പോലെ, ശേഷിയ്ക്കുന്ന ഊർജമെടുത്തു കുരങ്ങൻ പൊട്ടിക്കരഞ്ഞു.

“പാമ്പു ചത്തു കഴിഞ്ഞ് വളരെയേറെ നേരമായി. നീയതിനെ താഴെയിട്.”

അദ്ദേഹത്തിന്റെ വാക്കുകളിൽ കുരങ്ങനു വിശ്വാസം വന്നില്ലെന്നു മാത്രമല്ല, മരണഭീതിയൊഴിയാതെ, പിടിച്ച പിടി കൂടുതൽ മുറുകെപ്പിടിയ്ക്കുകയും ചെയ്തു.

അപ്പോഴാണ്, ഏതോ ഒരു ഉൾവിളി പോലെ കുരങ്ങനു ബോധമുണർന്നത്. എങ്കിലും, അല്പം സംശയത്തോടും ഭയത്തോടും കൂടി വീണ്ടും കുറച്ചകലേയ്ക്കു നീട്ടിപ്പിടിച്ച്, പിടി പതുക്കെ തളർത്തിനോക്കി.

പാമ്പിന് അനക്കമില്ലെന്നു കണ്ടു താഴേയ്ക്കിട്ടു.

എന്നിട്ട്, അദ്ദേഹത്തിനടുത്തേയ്ക്ക് ഓടിച്ചെന്നു കുരങ്ങൻ ആശ്വസിച്ചു.

കുരങ്ങന്റെ പിടിയിലമർന്ന് പാമ്പിന്റെ കഥ എപ്പോഴോ കഴിഞ്ഞിരുന്നു!

പിടിച്ച വിശ്വാസത്തിൽ നിന്നും കടുകിട നീങ്ങാതെ, യുക്തിയും വിവേകവും നശിച്ച കുരങ്ങുകൾ വാഴുന്നു, കാലം!

_________________________

കടപ്പാട്: ബാല

sajivattamparambil@yahoo.com

29-04-2016

___________________________________________________________‌_

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

blogezhuththulokam@gmail.com

blogezhuththulokam@outlook.com

___________________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ

ബ്ലോഗെഴുത്തുലോകം ഒന്നാം പേജ്

നിബന്ധനകൾ, മുന്നറിയിപ്പുകൾ, അറിയിപ്പുകൾ

രചനകളുടെ സമ്പൂർണലിസ്റ്റ്

ബ്ലോഗെഴുത്തുലോകം വാരം ഒന്നിലെ രചനകൾ

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

 

___________________________________________________________________________

 

 

Advertisements

About ബ്ലോഗെഴുത്തുലോകം

മലയാളം ബ്ലോഗെഴുത്തുകാർക്കു ‘ബ്ലോഗെഴുത്തുലോക’ത്തിലേയ്ക്കു ഹാർദ്ദമായ സ്വാഗതം.
This entry was posted in ബ്ലോഗെഴുത്തുലോകം, മലയാളം, Blogezhuththulokam, Malayalam and tagged , , , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s