ബ്ലോഗെഴുത്തുലോകം വാരം 001 രചന 06

വേദാരണ്യം അദ്ധ്യായം 3: കൈതമുള്ള് (നോവൽ)

രചന: സജി വട്ടംപറമ്പിൽ

sajivattamparambil@yahoo.com

 

പെയ്തൊഴിയാ മാനത്ത് പടിഞ്ഞാറു നിന്നുള്ള കാർമേഘക്കൂട്ടങ്ങൾ കരിമ്പടം ചാർത്തി വിങ്ങി നിന്നു.

രാത്രിയെന്നോ പകലെന്നോ തിരിച്ചറിയാൻ ഒരൊറ്റാൻ പക്ഷിയെപ്പോലും കണ്ടില്ല.

വടക്കുകിഴക്കാകാശം ചൊവ്വല്ലൂത്താഴത്ത്, കരിമ്പാറക്കൂട്ടങ്ങളിൽ വേരോടി.

പെരുമഴയ്ക്കൊപ്പം ഇടയ്ക്കിടെ മിന്നൽപ്പിണരുകൾ പുളഞ്ഞു വീണു.

കമ്പളം കീറിപ്പറിഞ്ഞ് ഇടിനാദമെങ്ങും പ്രകമ്പനം കൊണ്ടു.

കാറ്റിലുലഞ്ഞു വൃക്ഷങ്ങൾ തലങ്ങും വിലങ്ങും വീണുകിടന്നു.

ഇല്ലത്തെ തെങ്ങിൻപറമ്പിലൂടെ വടക്കു തെറ്റി വലത്തോട്ടിറങ്ങുമ്പോൾ, ‘ഇതെവിടെക്കൊണ്ടോയിക്കളയണം’ എന്ന ചിന്ത അലട്ടുന്നുണ്ടായിരുന്നു.

വിളക്കാട്ടുപ്പാടം കടന്ന്, പാലയ്ക്കൽ മുത്തിത്തറ വഴിമാറി നടക്കുമ്പോൾ ഉറപ്പിച്ചു: ‘കണ്ടാണിപ്പുഴയിൽ കൊണ്ട്വോയിടാം…’

വടക്കുപടിഞ്ഞാറ് ഇരിങ്ങാപുറം, തൈക്കാട്.

അങ്ങു വടക്ക് ചെമ്മണൂര്, ആർത്താറ്റ് നിന്നും പാഞ്ഞുവരുന്ന പെരുവെള്ളം കൊച്ചി-മലബാർ അതിർത്തി പെരുംതോടു കവിഞ്ഞെത്തും. വടക്കുകിഴക്ക് ചൊവ്വല്ലൂര്, കാണിപ്പയ്യൂര്, പെലയ്ക്കാട്ടുപയ്യൂര്.

കിഴക്ക് അരിയന്നൂരു നിന്നുള്ള കുത്തിയൊഴുക്കിനു ചൊവ്വല്ലൂത്താഴത്ത് തേവരുടെ ജടയ്ക്കു കീഴെ, ആകാശഗംഗ മന്ദാകിനിയായി.

അവിടെ നിന്നങ്ങോട്ടു ഗതിമാറ്റം വന്നു കണ്ടാണിപ്പുഴ.

മുപ്പിലിശ്ശേരി, അല്പം തെക്കോട്ടു ചെന്നാൽ മറ്റം, നമ്പഴിക്കാടു നിന്നും ചേലൂർകുന്ന് ആർത്തലച്ചു വരുന്നൂ, പൊന്നാന്തോട്.

സംഗമസ്ഥാനത്താവുമ്പോൾ ഒഴുക്കിനു ശക്തികൂടും.

ഈ പെരുമഴയത്താവുമ്പോൾ തടസ്സമില്ലാതെ കുത്തിയൊലിച്ചു കടലിലെത്തും!

പൊട്ടിത്തെറിയ്ക്കുന്ന ഇടിനാദവും ഞെരിപിരികൊണ്ടു വീഴുന്ന മിന്നൽപ്പിണരും തകർത്തു പെയ്യുന്ന മഴയും കൂസാതെ, മുട്ടിനു മേല്പോട്ടു പൊങ്ങിയ ചെളിയും തുറുവും, കടലോളം തേട്ടി നിന്ന വരിവെള്ളവും താണ്ടി, നെടുവരമ്പു കയറി നടന്നു, നേരേ കിഴക്കോട്ട്.

പുഴക്കരയ്ക്കെത്തിയപ്പോൾ വലത്തോട്ട്, ലക്ഷ്യത്തിലേയ്ക്കു തിരിഞ്ഞു.

ഇടതൂർന്ന പൂക്കൈതകൾ അതിരിട്ട കണ്ടാണിപ്പുഴ, ഇടതുവശത്തു ചുവന്നു പുളഞ്ഞ്, ചുഴിയുതിർത്ത്, കൂലംകുത്തി കുതിക്കുന്നുണ്ടായിരുന്നു, തെക്കോട്ട്.

വഴിയ്ക്കാരോ പിടിച്ചുനിർത്തിയ പോലെ!

ഉള്ളിന്റുള്ളിലൊരു കുളിരോടി…

പിടി വിട്ടില്ല.

ആഞ്ഞുകൊരുത്തു വലിഞ്ഞു നിന്നു, വല്ലം.

തിരിഞ്ഞുനോക്കാൻ എന്തോ, മനസ്സുറച്ചില്ല. എങ്കിലും ഊന്നി വലിച്ചു.

വലിച്ചെറിഞ്ഞതുപോലെ തെറിച്ചു വീണു, ഇടതു തോളിലിരുന്ന കുരുപ്പുംകെട്ട്!

ബോധമനസ്സിലൊരു കൊള്ളിയാൻ മിന്നിത്തെറിച്ചു.

അറഞ്ഞുപെയ്ത ശരവർഷത്തിനും, തെറിച്ചുമിന്നി നിലംപതിച്ച മിന്നൽപ്പിണരുകൾക്കും സ്പർശിയ്ക്കാനാവാതെ പോയ കരുത്ത്; നിന്ന നില്പിലൊന്ന് ആടി!

കൈതപ്പൊന്തയിൽ ആവാസമൊരുക്കിയിരുന്ന കുളക്കോഴി കുടുംബങ്ങൾ ശപിച്ചുകൂവി, പറന്നോടി…

ഭയം വർദ്ധിച്ചു വന്നു. ചാത്തപ്പൻ ചുറ്റും നോക്കി.

ആരുമില്ല!

കരകാണാദൂരം ഇരുളിമ തിങ്ങി. കാൽവട്ടത്തിലൊതുങ്ങി, നാട്ടുവെളിച്ചം.

വീണു കിടന്ന വല്ലത്തിന് ഒരനക്കം!

തോന്നിയതാണോ?

അല്ല. പിന്നേയും വല്ലം അനങ്ങി!

എന്തുചെയ്യണമെന്നറിയാതെ ശങ്കിച്ചു നിന്നു. ഇടിനാദത്തേക്കാൾ കനത്തു, നെഞ്ചിടിപ്പ്…

ചത്തിട്ടില്ലായിരിക്ക്യോ?

അതോ തുറന്നു നോക്കണോ?

ചത്തിട്ടില്ലെങ്കിലോ?

പണ്ടാരക്കുരിപ്പല്ലേ, വഴീലിട്ടു പുവ്വാൻ പറ്റ്വോ?

പണ്ടാരക്കെട്ടടങ്ങാൻ ത്രിവേണി വരെപ്പോണോ?

അതോ, ഇവിടെത്തന്നെ വലിച്ചെറിഞ്ഞാലോ?

വഴീലുപേക്ഷിച്ചെന്ന് ഇല്ലത്തെങ്ങാനുമറിഞ്ഞാൽ…

കെട്ടഴിച്ചുനോക്കാൻ കൈ അടുത്തേയ്ക്കു നീണ്ടു ചെല്ലുമ്പോൾ ശരീരമാസകലം വിറ ബാധിച്ചിരുന്നു…

അറച്ചും പേടിച്ചും കുനിഞ്ഞുനിന്നപ്പോൾ കാത് ചൂളം വിളിയ്ക്കുന്നുണ്ടായിരുന്നു…

ഒറ്റ വലിയ്ക്കു കെട്ടു പൊട്ടിയില്ല.

ഭയന്നു മാറി അകന്നു നിന്നു.

സമയം പിന്നേയും പൊയ്ക്കൊണ്ടിരുന്നു. വിറയൽ നിന്നിരുന്നില്ല.

രണ്ടും കല്പിച്ച് അടുത്തു ചെന്നു. ചവിട്ടിയൊരു വലി വലിച്ചു.

കെട്ടു പൊട്ടി. വല്ലം അയഞ്ഞു. തെല്ലും കൂടി അറപ്പോടെ കുനിഞ്ഞു നിന്നു.

വേപ്പിലകളും പഴന്തുണികളും മഴയിലലിഞ്ഞ് ഒട്ടിച്ചേർന്നിരുന്നു…

ചുരുണ്ടു കൂടി ചെരിഞ്ഞു കിടന്ന പിണത്തിന്റെ തലഭാഗം നോക്കി, തുണി ഞോണ്ടി ഞോണ്ടി വേർപെടുത്തി.

മുഷിഞ്ഞ ഇരുട്ടിലും തെളിഞ്ഞ കാഴ്‌ചയിൽ ഉള്ളു കത്തിയാളി…

‘ന്റെ പാലയ്ക്ക്യെ മുത്ത്യേ!’

ചാത്തപ്പൻ പിന്നാക്കം മലച്ചു.

നനഞ്ഞൊട്ടിയ തുണിയിൽ നിന്നു കിനിഞ്ഞിറങ്ങിയ വെള്ളം ചെറുനാമ്പനക്കി നക്കി, ശവം!

(തുടരും: ‘ജനനി’)

___________________________________________________________‌_

വേദാരണ്യം മുൻ അദ്ധ്യായങ്ങളുടെ ലിങ്കുകൾ

വേദാരണ്യം അദ്ധ്യായം 1 വൈലിത്തറ

വേദാരണ്യം അദ്ധ്യായം 2: കുരുപ്പ്

___________________________________________________________‌_

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

blogezhuththulokam@gmail.com

blogezhuththulokam@outlook.com

___________________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ

ബ്ലോഗെഴുത്തുലോകം ഒന്നാം പേജ്

നിബന്ധനകൾ, മുന്നറിയിപ്പുകൾ, അറിയിപ്പുകൾ

രചനകളുടെ സമ്പൂർണലിസ്റ്റ്

ബ്ലോഗെഴുത്തുലോകം വാരം ഒന്നിലെ രചനകൾ

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

 

___________________________________________________________________________

 

 

About ബ്ലോഗെഴുത്തുലോകം

മലയാളം ബ്ലോഗെഴുത്തുകാർക്കു ‘ബ്ലോഗെഴുത്തുലോക’ത്തിലേയ്ക്കു ഹാർദ്ദമായ സ്വാഗതം.
This entry was posted in ബ്ലോഗെഴുത്തുലോകം, മലയാളം, Blogezhuththulokam, Malayalam and tagged , , , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s