ബ്ലോഗെഴുത്തുലോകം വാരം 001 രചന 03

വേദാരണ്യം (നോവൽ)

അദ്ധ്യായം 2: കുരുപ്പ്

രചന: സജി വട്ടംപറമ്പിൽ

sajivattamparambil@yahoo.com

 

വസൂരി പൊള്ളച്ച്, ഒരു രൂപം!

കൈപ്പിടിയോളം ഒതുങ്ങിച്ചുരുണ്ട്…മനുഷ്യരൂപം എന്നു പറയാം.

മുഖമുണ്ടോ?

എന്തോ. കാണാനില്ല.

പഴുത്തു വൃണം വാർന്ന്, ആസകലം അഴുകിക്കിടക്കുന്നു. വികൃതം.

ജീവനുണ്ടോ ആവോ!

ചത്തുപോയോ?

അതും അറിയില്ല…

ആണോ പെണ്ണോ?

നിശ്ചയം ല്യ.

ദേഹത്തങ്ങിങ്ങ് ആര്യവേപ്പിനില മൂടിയ ഒരു മനുഷ്യരൂപം സങ്കല്പിച്ചെടുക്കാം.

അത്രമാത്രം.

ചത്തുകാണും.

അതാവൂല്ലോ, കൊണ്ടുപോയി കളയാനേല്പിച്ചത്…മനസ്സിൽ നിരൂപിച്ചു.

ചാത്തപ്പൻ ഇതികർത്തവ്യതാമൂഢനായി നിന്നു.

മിന്നലെറിഞ്ഞ് മഴ കോരിച്ചൊരിയുന്നുണ്ടെങ്കിലും ഉടലാകെ ഉഷ്ണം പുകഞ്ഞു വിങ്ങി.

എവിടെ കൊണ്ടുപോയി കളയണം?

എങ്ങനെ കൊണ്ടുപോകും?

പെട്ടെന്നൊരുപായം തെളിഞ്ഞു വന്നില്ല.

പിന്നീടെന്തോ തീരുമാനിച്ചുറപ്പിച്ച പോലെ ചാത്തപ്പൻ താഴേയ്ക്കിറങ്ങിപ്പോയി.

നേരം നട്ടുച്ച മറിഞ്ഞെങ്കിലും അന്ധകാരം സമയനിർണയം തെറ്റിച്ചു.

മഴ വകവെച്ചില്ല. വഴുക്കലും വകവെച്ചില്ല. നടന്നു.

വാഴയുടെ ഉണങ്ങിയ കൈയണ മുറിച്ചെടുത്തു പിരിച്ച്, കാലിലൊരു തളപ്പ്.

തടിവട്ടം പിടിവള്ളിയിലൊതുക്കി ചാത്തപ്പൻ തെങ്ങിൽ കയറി.

മുഴുത്തൊരു പട്ട വെട്ടിയിട്ടു താഴെയിറങ്ങി.

തലപ്പും മടലും ആഞ്ഞു. നടു നേരേ കീറി.

അവിടെത്തന്നെയിട്ടു മെടഞ്ഞെടുത്തു.

നേരേ, തൊട്ടടുത്ത വാഴത്തോപ്പിൽ കയറി.

ഞാലിപ്പൂവന്റെ ഉണങ്ങിയ കൈയണ മഴയിൽ കുതിർന്നു നിന്നിരുന്നു.

അതു നീളത്തിൽ മുറിച്ചെടുത്തു നാരുണ്ടാക്കി.

മെടഞ്ഞെടുത്ത ഓലത്തകിടി വളച്ച്, അടുപ്പിച്ചു യോജിപ്പിച്ച്, വാഴനാരിലിണക്കി വല്ലം തയ്യാറാക്കി.

അതുമായി വീണ്ടും തട്ടുമ്പുറത്തെത്തുമ്പോൾ അവിടെയെങ്ങും ആരും ഉണ്ടായിരുന്നില്ല.

എടുത്തുകൊണ്ടുപോകുന്നത് കണ്ണിൽ കാണേണ്ടെന്നു കരുതിയാവാം.

തമ്പുരാൻ അതിനു മുൻപേ പൊയ്ക്കഴിഞ്ഞിരുന്നു.

ആരേയും കാണാതെ വന്നപ്പോൾ ചാത്തപ്പൻ കുറച്ചു നേരം മൗനം കാത്തു.

നേരം പോകുന്നതു മനസ്സിലാക്കി, എടുക്കാൻ തന്നെ തീരുമാനിച്ചു.

കിടക്കപ്പായോടെ ചുരുട്ടി.

ശവത്തിന് ഒരു കൈക്കുഞ്ഞിന്റെ ഭാരം മാത്രമേ തോന്നിയുള്ളൂ.

പതുക്കെ വല്ലത്തിൽ മടക്കി, ചെരിച്ചു കിടത്തി.

കട്ടിലിന്നടിയിലെ കിണ്ണം, കിണ്ടി, ലോട്ട, മൂത്രക്കോളാമ്പി, പഴന്തുണി, വേപ്പില ചമ്മലകൾ…

ഒക്കെ വാരി വല്ലത്തിൽ നിറച്ചു.

വാഴയണയിണക്കി, കുരുപ്പുപണ്ടാരം കൂട്ടിക്കെട്ടി.

പുറപ്പെടും മുൻപു കട്ടിൽ ചെരിച്ച് പടിഞ്ഞാറേച്ചുവരിനോടടുപ്പിച്ചു വെച്ചു.

ഇരുളും മൂകതയും തളം കെട്ടിയ മുറിക്കകത്തു വീണ്ടും വെറുതേ തിരഞ്ഞു.

ആരുമില്ല, ഒന്നുമില്ല!

വല്ലമെടുത്തു ചാത്തപ്പൻ ചുമലിലേറ്റി.

ഇടംകൈ താങ്ങി പടികൾ താഴോട്ട്…

പടിഞ്ഞാറു മുറ്റം.

വടക്കോട്ടിറങ്ങി നടന്നകലുമ്പോൾ…

ഇല്ലത്ത് അകത്തെങ്ങോ വ്യസനം പെയ്തൊഴുകുന്നുണ്ടായിരുന്നു.

(തുടരും: ‘കൈതമുള്ള്’)

‌__________________________________________________________

വേദാരണ്യം മുൻ അദ്ധ്യായങ്ങളുടെ ലിങ്കുകൾ

വേദാരണ്യം അദ്ധ്യായം 1 വൈലിത്തറ

__________________________________________________________

രചനയെപ്പറ്റിയുള്ള പ്രതികരണങ്ങൾ താഴെക്കാണുന്ന ഐഡികളിൽ ഏതെങ്കിലുമൊന്നിലേയ്ക്ക് ഈമെയിലായി അയച്ചുതരിക:

blogezhuththulokam@gmail.com

blogezhuththulokam@outlook.com

___________________________________________________________________________

ബ്ലോഗെഴുത്തുലോകത്തിലെ ലിങ്കുകൾ

ബ്ലോഗെഴുത്തുലോകം ഒന്നാം പേജ്

നിബന്ധനകൾ, മുന്നറിയിപ്പുകൾ, അറിയിപ്പുകൾ

രചനകളുടെ സമ്പൂർണലിസ്റ്റ്

ബ്ലോഗെഴുത്തുലോകം വാരം ഒന്നിലെ രചനകൾ

ബ്ലോഗെഴുത്തുലോകത്തിലെ മറ്റു ലിങ്കുകൾ

 

___________________________________________________________________________

 

 

About ബ്ലോഗെഴുത്തുലോകം

മലയാളം ബ്ലോഗെഴുത്തുകാർക്കു ‘ബ്ലോഗെഴുത്തുലോക’ത്തിലേയ്ക്കു ഹാർദ്ദമായ സ്വാഗതം.
This entry was posted in ബ്ലോഗെഴുത്തുലോകം, മലയാളം, Blogezhuththulokam, Malayalam and tagged , , , , , . Bookmark the permalink.